03:48am 29 October 2026
NEWS
ഇറാനിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അന്ത്യമോ?
12/01/2026  06:36 AM IST
nila
ഇറാനിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അന്ത്യമോ?

ഇറാനിലെ തെരുവുകളിൽ വീണ്ടും പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. അരനൂറ്റാണ്ടോളം നീണ്ട ഇസ്ലാമിക് റിപ്പബ്ലിക്കിന് ഇക്കുറി അന്ത്യം കുറിക്കുമെന്ന പ്രഖ്യാപനവുമായാണ് പ്രക്ഷോഭകാരികൾ മുന്നേറുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രക്ഷോഭകാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ, അമേരിക്കൻ പിന്തുണയിൽ ഇറാനിൽ അട്ടിമറി നടക്കുമെന്നാണ് ലോകവും പ്രതീക്ഷിക്കുന്നത്. 

കറൻസിയുടെ കനത്ത മൂല്യത്തകർച്ച, നിയന്ത്രണംവിട്ട വിലക്കയറ്റം, ഭരണകൂടത്തോടുള്ള ദീർഘകാല രോഷം എന്നിവയെല്ലാം ചേർന്ന് രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ നിശ്ചലമാക്കിയിരിക്കുകയാണ്. അഞ്ചു പതിറ്റാണ്ടുകൾക്ക് ശേഷം ഇറാൻ വീണ്ടും ഒരു വലിയ രാഷ്ട്രീയ വഴിത്തിരിവിന്റെ അരികിലാണെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.

1979ലെ ഇസ്ലാമിക വിപ്ലവം മുതൽ 2026ലെ ഇന്നത്തെ പ്രതിസന്ധി വരെ നോക്കുമ്പോൾ, സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും വേണ്ടി ഇറാൻ വീണ്ടും വീണ്ടും തെരുവിലിറങ്ങിയ ചരിത്രമാണ് കാണുന്നത്. ഓരോ തലമുറയും സ്വന്തം ആവശ്യങ്ങളുമായി തെരുവിലിറങ്ങിയെങ്കിലും, അവയെല്ലാം ശക്തമായ അടിച്ചമർത്തലിൽ ഒതുങ്ങി.

ഷാ ഭരണത്തിന്റെ അവസാനം, വിപ്ലവത്തിന്റെ തുടക്കം

1970കളുടെ അവസാനം ഷാ മുഹമ്മദ് റെസ പഹ്ലവിയുടെ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭമാണ് ഇറാന്റെ ആധുനിക ചരിത്രം മാറ്റിമറിച്ചത്. പാശ്ചാത്യ ശക്തികളുമായി ഷായുടെ അടുപ്പവും, രാഷ്ട്രീയ അധികാരം ചെറിയൊരു വൃത്തത്തിൽ മാത്രം ഒതുക്കിയതും, സാധാരണ ജനങ്ങളിൽ വ്യാപകമായ അസ്വസ്ഥത സൃഷ്ടിച്ചു.

വിദ്യാർഥികൾ മുതൽ എണ്ണത്തൊഴിലാളികൾ വരെയും, മതപുരോഹിതർ മുതൽ വ്യാപാരികൾ വരെയും സമൂഹത്തിന്റെ എല്ലാ തലങ്ങളും ഒന്നിച്ച് തെരുവിലിറങ്ങി. സാമ്പത്തിക സമ്മർദങ്ങളും സാമൂഹിക നിയന്ത്രണങ്ങളും പ്രക്ഷോഭങ്ങൾക്ക് ഊർജം പകർന്നു. ഇതിന്റെ ഫലമായി 1979ൽ ഷാ രാജ്യം വിടുകയും, പ്രവാസത്തിൽ നിന്നെത്തിയ അയത്തുള്ള റൂഹുള്ള ഖമേനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക റിപ്പബ്ലിക് നിലവിൽവരികയും ചെയ്തു.

വാഗ്ദാനങ്ങളിൽ നിന്ന് നിയന്ത്രണങ്ങളിലേക്ക്

നീതിയും തുല്യതയും വാഗ്ദാനം ചെയ്ത പുതിയ ഭരണകൂടം അധികാരത്തിലേറിയതോടെ കർശനമായ മതനിയമങ്ങൾ നടപ്പാക്കി. ഹിജാബ് നിർബന്ധമാക്കുകയും, രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കുകയും, വിയോജിപ്പുകളെ അടിച്ചമർത്തുകയും ചെയ്തു. ഷാ ഭരണത്തേക്കാൾ കടുത്ത അധികാരകേന്ദ്രികരണമാണ് ഇസ്ലാമിക റിപ്പബ്ലിക് പിന്തുടരുന്നതെന്ന ബോധ്യം ജനങ്ങളിൽ പതിയെ ഉറപ്പിച്ചു. അന്താരാഷ്ട്ര ഉപരോധങ്ങളും ഭരണതലത്തിലെ അഴിമതിയും ചേർന്ന് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കി. റിയാലിന്റെ മൂല്യത്തകർച്ച സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി, ദാരിദ്ര്യം വ്യാപകമായി.

പ്രതിഷേധങ്ങളുടെ മാറുന്ന മുഖങ്ങൾ

1999ൽ വിദ്യാർഥി പ്രക്ഷോഭം, 2009ലെ ‘ഗ്രീൻ മൂവ്മെന്റ്’—ഇവയെല്ലാം ജനകീയ അസന്തോഷത്തിന്റെ ശക്തമായ പ്രകടനങ്ങളായിരുന്നു. ‘എന്റെ വോട്ട് എവിടെ?’ എന്ന മുദ്രാവാക്യം മുഴക്കിയ ഗ്രീൻ മൂവ്മെന്റ്, നേദാ ആഘ-സോൾട്ടന്റെ മരണത്തോടെ ലോകശ്രദ്ധ നേടി. എന്നാൽ ഇന്റർനെറ്റ് വിച്ഛേദനവും കർശന നടപടികളും വഴി ഭരണകൂടം അതിനും അവസാനം കുറിച്ചു.

2017നുശേഷം പ്രതിഷേധങ്ങളുടെ സ്വഭാവം മാറി. അത് അധികാരമാറ്റത്തിനുള്ള ആവശ്യമല്ല, മറിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പോരാട്ടമായി. ഭക്ഷണവില വർധനയും തൊഴിലില്ലായ്മയും ജനങ്ങളെ തെരുവിലിറക്കി. 2022ൽ മഹ്സ അമിനിയുടെ മരണം ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യത്തോടെ സ്ത്രീകളെ മുന്നിൽ നിർത്തിയ ഒരു ചരിത്രപ്രക്ഷോഭത്തിന് വഴിയൊരുക്കി.

വീണ്ടും ആവർത്തിക്കുന്ന ചരിത്രം

2026ലെത്തുമ്പോൾ ഇറാൻ വീണ്ടും അതേ വഴിത്തിരിവിലാണ്. കറൻസി തകർച്ചയും വിദേശ സംഘർഷങ്ങളുടെ സാമ്പത്തിക ബാധ്യതകളും ഇന്റർനെറ്റ് നിയന്ത്രണങ്ങളും ജനങ്ങളുടെ ക്ഷമയെ വീണ്ടും പരീക്ഷിക്കുന്നു. പ്രതിഷേധങ്ങളുടെ ആഴത്തിലുള്ള കാരണം ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനമാണെന്നതാണ് തെരുവുകളിൽ ഉയരുന്ന ആരോപണം. ഒരു വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ ഭരണകൂടം ഇപ്പോൾ മറ്റൊരു വിപ്ലവത്തിന്റെ ഭീഷണി നേരിടുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img